മകളുടെ മുന്നിൽ ലൈംഗിക വൈകൃതം… അമ്മയുടെ പരാതിയിൽ സിഡബ്ല്യുസി ഇടപെടൽ

കൊല്ലം: സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റുവെന്ന യുവതിയുടെ പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടു. നാല് വയസുകാരിയായ മകളുടെ മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്നും അത് ചിത്രീകരിച്ചെന്നുമുള്ള പരാതിയിലാണ് നടപടി.

കുട്ടിക്ക് കൗൺസിലിങ് നൽകുകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യണമെന്ന് സിഡബ്ല്യുസി നിർദേശം നൽകി. കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയെന്ന ആരോപണത്തിൽ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു. ആരോപണങ്ങൾ സാധൂകരിക്കുന്ന വിവരങ്ങളൊന്നും കുട്ടിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. BNS 77, 118(1), 115(2), ഐടി ആക്ട് എന്നീ വകുപ്പുകളാണ് ചുമത്തിയത്.

2022 മുതൽ ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ഈ വർഷം അവ അശ്ലീല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തെന്നുമാണ് പരാതി. കുട്ടിയുടെ മുന്നിൽ ലൈംഗിക വൈകൃതം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഭർത്താവ് യുവതിയെ മർദിച്ചെന്നും പരാതിയിലുണ്ട്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കൊല്ലം കമ്മിഷണർ അവധിയിലായതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

Related Articles

Back to top button