തൃശൂരിൽ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്നു…

തൃശൂർ: പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്ന് ഏകദേശം 50 പവൻ സ്വർണം കവർന്നു. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീട്ടിനുള്ളിലെ വാതിലുകളും തകർത്തിട്ടുണ്ട്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു കവർച്ച.
ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളുമടക്കമുള്ളവർ തുണിക്കടയിലായിരുന്നു. വൈകിട്ട് അഞ്ചിനും പുലർച്ചെ ഒന്നരയ്ക്കുമിടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഷോപ്പിൽ നിന്ന് പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് ഷക്കീർ മോഷണവിവരം അറിഞ്ഞത്. വൈകിട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപം നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പൊലീസിനോട് പറഞ്ഞു. വീടിന് സമീപത്ത് ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.



