ഓണത്തിന് പൊലീസുകാർക്ക് സന്തോഷവാർത്ത…. ഡ്യൂട്ടി അലവൻസ്….

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള അലവൻസ് ഇരട്ടിയാക്കി സംസ്ഥാന സർക്കാർ. നിലവിലെ 500 രൂപയിൽ നിന്ന് 1,000 രൂപയായാണ് അലവൻസ് വർധിപ്പിച്ചത്. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കാണ് ആനുകൂല്യം ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് അലവൻസ് വർധിപ്പിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് വിവിധ വിഭാഗം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളിലും സർക്കാർ വർധന വരുത്തിയിട്ടുണ്ട്.
ഓണത്തിന് ബെവ്‌കോ ജീവനക്കാർക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികമാണ് ഇത്തവണ നൽകുക. പരമാവധി ബോണസ് തുക 1.05 ലക്ഷം രൂപയായിരിക്കും. കൂടാതെ 50,000 രൂപ വരെ അഡ്വാൻസും അനുവദിക്കും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബെവ്‌കോ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തത്. എംപ്ലോയ്‌മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസുകളിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും നൽകും.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി ഓണം ബോണസും അഡ്വാൻസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർഹരായ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായി നൽകും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപ പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായും ലഭിക്കും.




