ചീഞ്ഞ മുട്ട തന്നിട്ട് അടച്ചു വെച്ചതുകൊണ്ടാണെന്ന് മാനേജർ.. സ്ക്രാംബിൾഡ് എഗ്ഗിന് പകരം ലഭിച്ചത്..

വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് വീണ്ടും പഴകിയ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയത്തുനിന്നുള്ള യാത്രയിലാണ് റെയിൽവേയുടെ കാറ്ററിങ് വിഭാഗത്തിനെതിരെ ഗുരുതര ആക്ഷേപമുയർന്നത്. രാവിലെ 7:35-ഓടെയുള്ള യാത്രയിൽ സ്ക്രാംബിൾഡ് എഗ്ഗും പാറ്റിയുമാണ് യാത്രക്കാർ ഓർഡർ ചെയ്തത്. എന്നാൽ പ്ലേറ്റ് തുറന്ന ഉടൻ തന്നെ കടുത്ത ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു.

സംശയം തോന്നി കാറ്ററിങ് ജീവനക്കാരനെ യാത്രക്കാരൻ അറിയിച്ചു. പഴകിയ മുട്ട തിരികെ എടുത്ത് വീണ്ടും മുട്ടയും പാറ്റിയും നൽകിയെങ്കിലും അതും വളിച്ച് മണം വന്നിരുന്നു. വീണ്ടും പരാതി പറഞ്ഞപ്പോൾ കാറ്ററിങ് ജീവനക്കാർ‌ സമ്മതിച്ചില്ല. മുട്ട അടച്ചു വച്ചതു കൊണ്ട് മണം തോന്നുന്നതാണെന്നായിരുന്നു മാനേജരുടെ വാദം. വളിച്ച ഭക്ഷണം എടുത്തു മാറ്റാനും ജീവനക്കാർ തയാറായില്ലെന്ന് യാത്രക്കാരൻ പറഞ്ഞു.

തുടർന്നു യാത്രക്കാരൻ ടിടിഇയെ കണ്ട് പരാതി അറിയിച്ചു. ടിടിഇ നിർദേശിച്ചതനുസരിച്ച് ഐആർസിടിസിയുടെ ഷെഫ് യാത്രക്കാരനെ കണ്ടു സംസാരിച്ചശേഷം വെജിറ്റേറിയൻ ഭക്ഷണം പകരം നൽകിയാണു പ്രശ്നം പരിഹരിച്ചത്. ഏതാണ്ട് 8.30 ന് ശേഷമാണ് യാത്രക്കാരനു പ്രഭാത ഭക്ഷണം ലഭിച്ചത്. പിന്നീട് യാത്രക്കാരൻ ഐആർസിടിസിയുടെ പരാതി സെല്ലിലും വന്ദേഭാരതിന്റെ സോണൽ കോർഡിനേറ്റർക്കും പരാതി നൽകി. അതേസമയം മുട്ട ഓർഡർ ചെയ്ത മറ്റൊരു യാത്രക്കാരനും ലഭിച്ചത് പഴകി ദുർഗന്ധം വമിക്കുന്ന മുട്ടയായിരുന്നു.

Related Articles

Back to top button