പത്തനംത്തിട്ടയിൽ പട്ടാപകൽ വീടിന്റെ ഓട് പൊളിച്ച് കവർച്ച

പത്തനംത്തിട്ടയിൽ വീടിന്റെ ഓട് പൊളിച്ച് സ്വർണവും പണവും കവർന്നു. റാന്നി ഇടമുറി കല്ലംപറമ്പിൽ ബിബിൻ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കുടുംബം മനസിലാക്കിയത്.
ബിബിന്റെയും ഭാര്യയുടെയും മകളുടെയും ഉൾപ്പെടെ 12 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതു കൂടാതെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും മോഷണം പോയിട്ടുണ്ട്. ഓട് പൊളിച്ച് ഇറങ്ങിയ കള്ളൻ മോഷണത്തിനുശേഷം അടുക്കളയുടെ പിൻവാതിൽ തുറന്നാണ് കടന്നുകളഞ്ഞത്.
ഞായറാഴ്ച രാവിലെ 10.30ഓടെ മന്ദമരുതി ക്നാനായ പള്ളിയിൽ പ്രാർഥനക്ക് പോയ അമ്മയെയും മകളെയും തിരികെ കൊണ്ടുവരാനായി വീട് പൂട്ടി പോയതാണ് ബിപിൻ. തിരികെ പതിനൊന്നരയോടെ വന്ന് പാചകവാതക സിലിണ്ടർ വെക്കാൻ അടുക്കള വാതിൽക്കൽ ചെന്നപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കണ്ടത്. അടുക്കളയുടെ ഓട് പൊളിച്ചതായും കണ്ടു. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്.
മറ്റൊരു മുറിയിൽ മേശക്കുള്ളിൽ വിപിൻ ഊരിവെച്ചിരുന്ന മാലയും മോതിരവും മോഷ്ടിക്കപ്പെട്ടു. ലാപ്ടോപ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മേശപ്പുറത്ത് ഉണ്ടായിരുന്നെങ്കിലും അതൊന്നും എടുക്കാൻ കള്ളൻ മുതിർന്നില്ല. ബിപിനും അമ്മയും മകളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്.
സംഭവത്തെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. റാന്നി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



