ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് വീണ്ടും….

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് ഇനി സീബ്രകളെയും കാണാം. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ (വൻതാര)യിൽനിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം-മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.
ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകളെത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. വൻതാരയിൽനിന്ന് മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ സീബ്രകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും.
സീബ്രകളെ കൊണ്ടുവരുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും. വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക കാഴ്ചവിരുന്നാകുമെന്നും അവർ പറഞ്ഞു. മൃഗശാല സൂപ്രണ്ട് ടി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഓണാവധിക്കാലത്ത് തന്നെ സന്ദർശകർക്ക് സീബ്രകളെ കാണാൻ കഴിയുന്ന തരത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.



