സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വീണ്ടും നീക്കം ചെയ്തതായി പരാതി. സ്വാതന്ത്ര്യദിനമായ ഇന്ന് രാവിലെയാണ് പാർട്ടിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്രത്യക്ഷമായത്. സംഭവത്തിന് പിന്നാലെ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദിപ്കെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

അക്കൗണ്ട് ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചായിരുന്നു ദിപ്കെയുടെ പ്രതികരണം. എക്സിൽ അദ്ദേഹം ഇൻസ്റ്റാഗ്രാമിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ‘കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. എന്തൊരു ഭീരുക്കൾ!’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ, അധികം വൈകാതെ അക്കൗണ്ട് വീണ്ടെടുക്കാൻ പാർട്ടിക്ക് സാധിച്ചു. ഇക്കാര്യം സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിൽ തന്നെ തങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമം നടന്നുവെന്ന് ആരോപിച്ച പാർട്ടി, നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

അക്കൗണ്ട് നീക്കം ചെയ്തതിലൂടെ തങ്ങളെ ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്നും പാർട്ടി വ്യക്തമാക്കി. നേരത്തെയും സിജെപിയുടെയും അഭിജീത്ത് ദിപ്കെയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും നിയമപരമായ മാർഗങ്ങളിലൂടെ അവ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പാർട്ടി അറിയിച്ചു.

Related Articles

Back to top button