സബ്‌ ഇൻസ്‌പെക്ടറുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ മകൾ

കർണാടകയിൽ ബിജെപി എംഎൽഎയുടെ മകൾ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മർദ്ദിച്ചതായി പരാതി. തുമകുരു റൂറൽ എംഎൽഎ ബി. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ആരതി ഉക്കട ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്‌പെക്ടറെ മർദ്ദിച്ചതെന്ന് ആരോപിക്കപ്പെടുന്നത്. ഭീമ അമാവാസി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 12-ന് രാത്രി 8.15-ഓടെയായിരുന്നു സംഭവം. മാണ്ഡ്യ വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സവിതാ പാട്ടീലാണ് ആക്രമണത്തിന് ഇരയായത്.

പരാതി പ്രകാരം, എംഎൽഎയുടെ മകളായ ഐശ്വര്യ തന്നോട് മോശമായി സംസാരിക്കുകയും മുഖത്തടിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി സവിത ആരോപിക്കുന്നു.

ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഐശ്വര്യക്ക് ഉള്ളിലേക്കുള്ള പ്രവേശനം വൈകിയതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് സവിത ഐശ്വര്യക്കെതിരെ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ക്യാതനഹള്ളി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ടിട്ടും ഐശ്വര്യയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. അതേസമയം, വിവാദ സംഭവത്തിൽ മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയ ബിജെപി നേതാവ്, പോലീസ് ഉദ്യോഗസ്ഥ തന്റെ മകളെ ചീത്ത വിളിച്ചതായും ആരോപണമുയർത്തിയിട്ടുണ്ട്.

‘എന്റെ മകൾ ആ ക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് അവൾ സുരക്ഷാ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. ഒരു സർക്കിൾ ഇൻസ്‌പെക്ടറെ ഉള്ളിലേക്ക് കടത്തിവിട്ടിട്ടും എന്റെ മകളെ പ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. ഉള്ളിലേക്ക് കടത്തിവിടാൻ അവൾ വീണ്ടും അവരോട് അഭ്യർത്ഥിച്ചു.’ എംഎൽഎ പറഞ്ഞു.

‘അതിനിടയിലാണ് ആ പോലീസ് ഉദ്യോഗസ്ഥ എന്റെ മകളെ ചീത്ത വിളിച്ചതെന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള വിവരം. തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. എന്റെ മകൾ ഉദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല. എന്തായാലും ഈ സംഭവത്തിൽ എനിക്ക് ഖേദമുണ്ട്, ഞാൻ ക്ഷമ ചോദിക്കുന്നു.’ ഗൗഡ പറഞ്ഞു.

Related Articles

Back to top button