സിപിഎമ്മിന്റെ ഇസ്‌ലാമിക ബാങ്കിങ് പ്രവർത്തനം നിലച്ചു; നിക്ഷേപകരുടെ പണം തിരിച്ചുനൽകിയില്ലെന്ന് പരാതി

സിപിഎം നിയന്ത്രണത്തിൽ ആരംഭിച്ച ഇസ്‌ലാമിക ബാങ്കിങ് സംരംഭമായ ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റിയുടെ പ്രവർത്തനം നിലച്ചതായി പരാതി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ഓഹരി ഉടമകൾക്ക് നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മയ്യിൽ സ്വദേശി കെ.പി. നാസർ പരാതി നൽകി. ടി.കെ. ഗോവിന്ദൻ എംഎൽഎ വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പരാതി പുറത്തുവന്നതിന് പിന്നാലെ നാസർ നിക്ഷേപിച്ച ഒരു ലക്ഷം രൂപ തിരികെ നൽകി. ഇതോടെ നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിച്ചെന്നും നാസർ പ്രതികരിച്ചു.

പലിശരഹിത ഓഹരി നിക്ഷേപം സ്വീകരിച്ച് ഇസ്‌ലാമിക ബാങ്കിങ് മാതൃകയിൽ പ്രവർത്തിക്കാനാണ് ‘ഹലാൽ ഫായിദ’ സഹകരണ സൊസൈറ്റി ആരംഭിച്ചത്. 2017 ഡിസംബറിലായിരുന്നു ഉദ്ഘാടനം. പലിശയുള്ള സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വ്യവസായം, വ്യാപാരം, നിർമാണം തുടങ്ങിയ മേഖലകളിൽ മുടക്കുകയും അതിൽനിന്നുള്ള ലാഭം നിക്ഷേപകർക്ക് വീതിച്ചുനൽകുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

Related Articles

Back to top button