പീഡനക്കേസിൽ നാലര വർഷം പ്രതി; ഒടുവിൽ മമ്മദ് കുറ്റവിമുക്തൻ
പത്തു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലര വർഷത്തോളം നിയമനടപടികളും സാമൂഹിക സമ്മർദവും നേരിട്ട ഗൃഹനാഥനെ പോക്സോ കോടതി കുറ്റവിമുക്തനാക്കി. ബാലുശ്ശേരി പൂനത്ത് ഈക്കകുന്നുമ്മൽ മമ്മദിനെയാണ് കൊയിലാണ്ടി പോക്സോ കോടതി വെറുതെ വിട്ടത്.
2022 മാർച്ചിലാണ് ബാലുശ്ശേരി പൊലീസ് മമ്മദിനെ അറസ്റ്റ് ചെയ്തത്. കേസിൽ 83 ദിവസം റിമാൻഡിൽ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല.
കേസിൽ നിർണായകമായത് പെൺകുട്ടിയുടെ മൊഴിയും വൈദ്യപരിശോധനാ റിപ്പോർട്ടുമായിരുന്നു. ലൈംഗിക പീഡനം നടന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കാനായില്ല. മുത്തശ്ശി എഴുതി നൽകിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി.
ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും മമ്മദിനെതിരായ ആരോപണം തെളിയിക്കുന്നതിൽ നിർണായക തെളിവുകളില്ലെന്ന വാദത്തിന് പിന്തുണയായി. തുടർന്ന് കോടതി മമ്മദിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകൻ കെ.പി. പ്രബീഷ് കുമാറാണ് മമ്മദിനുവേണ്ടി കോടതിയിൽ ഹാജരായത്.
