പതിറ്റാണ്ടുകൾ പഴക്കമുള്ള കിണർ പെട്ടെന്ന് താഴ്ന്നു…

തണ്ണീർമുക്കം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാൽപ്പത് വർഷം പഴക്കമുള്ള കിണർ പെട്ടെന്ന് ഭൂമിയിലേക്ക് താഴ്ന്നത് പ്രദേശത്ത് ആശങ്ക പടർത്തുന്നു. മങ്ങാടം വേലിക്കകത്ത് ചെമ്മേഴത്ത് വീട്ടിലെ കിണറാണ് അപകടത്തിൽപ്പെട്ടത്. കിടപ്പുരോഗിയായ നാരായണൻ (83), ഭാര്യ രത്നമ്മ (73), സഹോദരി നാരായണി (90) എന്നീ വയോധികർ മാത്രമുള്ള ഈ കുടുംബം, കിണർ താഴ്ന്നതോടെ തങ്ങളുടെ വീട് കൂടി അപകടത്തിലാകുമോ എന്ന ഭീതിയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മണ്ണുനിരപ്പിൽനിന്ന് രണ്ട് റിങ്ങിൻറെ പൊക്കമുണ്ടായിരുന്ന കിണർ പെട്ടെന്ന് താഴേക്ക് പതിച്ചത്. മരങ്ങളാൽ ചുറ്റപ്പെട്ട കിണറിലെ വെള്ളത്തിന് മുകളിൽ കടുത്ത വെള്ളനിറത്തിലുള്ള പത പൊങ്ങിക്കിടക്കുന്നുണ്ട്. ജപ്പാൻ കുടിവെള്ളം ലഭിച്ചുതുടങ്ങിയതുമുതൽ കിണറിലെ വെള്ളം ഉപയോഗിക്കാറില്ലെന്ന് രത്നമ്മ പറഞ്ഞു. വയോധികരായ ഇവർക്ക് കിണർ പുനർനിർമിക്കാനോ പുതിയത് കുഴിക്കാനോ സാമ്പത്തികശേഷിയില്ല.



