ഏഴുവയസ്സുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

ഏഴുവയസ്സുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ശരീരത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി, ഓട്ടോഡ്രൈവറുമായ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കുട്ടി ക്രൂരമായ പീഡനത്തിനിരയായത്.
രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ കുട്ടിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മുറിയിൽ പൂട്ടിയിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി മാറ്റുകയും വിവരം വലിയതുറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അശോക് കുമാറിനെ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ ശരീരത്തിൽ നുള്ളിയതിന്റെയും മർദനമേറ്റതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സുധീറിനും ലിൻഡമോൾക്കുമെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. എസ്.ഐ. ദിനേശ്, എസ്.എസ്.ഐ. ഇസ്മായിൽ, ഷീജ, റെജി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.



