അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച്….

ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് അർദ്ധസൈനിക വിഭാഗം എന്നിവയിലെ നിർണായക നിയമനങ്ങൾ നടത്തി പരമോന്നത നേതാവ് മുജ്തബ ഖംനഇ. അമേരിക്കൻ-ഇസ്രയേൽ അക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ചു. ഇറാൻ വിപ്ലവ സേന ബസീജ് ഓർഗണൈസേഷനും ഐആർജിസി നാവിക സേനയ്ക്കുമടക്കം പുതിയ മേധാവിയെ നിയമിച്ചു.

ഉന്നത സ്ഥാനങ്ങളിലേക്ക് ആറ് മുതിർന്ന സൈനിക മേധാവികളെ നിയമിച്ച് ഉത്തരവിറക്കിയതായി പരമോന്നത നേതാവും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫുമായ മുജ്തബ ഹുസൈനി ഖമേനി അറിയിച്ചു. ടെലഗ്രാമിലൂടെ പുറത്തുവിട്ട ഔദ്യോഗിക ഉത്തരവുകളിലൂടെയാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്.

ഇറാൻ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദുള്ളാഹിയെ തിരഞ്ഞെടുത്തു. ബ്രിഗേഡിയർ ജനറൽ കിയോമാർസ് ഹൈദരി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേൽക്കും. ഐ.ആർ.ജി.സിയുടെ പരമോന്നത കമാൻഡർ-ഇൻ-ചീഫായി മേജർ ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി അഹമ്മദ് വാഹിദിയെ ഔദ്യോഗികമായി നിയമിച്ചു. മൊസ്തഫ ഇസാദിയാണ് ഐ.ആർ.ജി.സിയുടെ പുതിയ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ്. ഐ.ആർ.ജി.സി നാവികസേനാ മേധാവിയായി റിയർ അഡ്മിറൽ അലി ഒസ്മായിയെയും, രാജ്യത്തെ പ്രമുഖ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ തലവനായി മുൻ ഐ.ആർ.ജി.സി ഇന്റലിജൻസ് മേധാവി ഹുസൈൻ തയേബിനെയും നിയമിച്ചു. യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർണായക അഴിച്ചുപണി.

Back to top button