മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് പത്താം ദിവസം…..

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാദൗത്യത്തിന് പ്രധാന വെല്ലുവിളി. കാണാതായവർക്കായുള്ള തിരച്ചിൽ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിലും ശക്തമാക്കും. മുതലപ്പൊഴിയിൽനിന്ന് കാണാതായ ജോണിനായി രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ ആശ്വാസവാക്കുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നും കടൽമക്കളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ജോണിന്റെ കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിലിനായി ഇന്ത്യൻ നേവി സംഘം എത്തി. രക്ഷാദൗത്യത്തിന് നേവി എത്തിയ സാഹചര്യത്തിൽ തൽക്കാലം നിരാഹാര സമരത്തിനില്ലെന്ന് ഗൗതമിന്റെ അമ്മ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ ‘കൽപേനി’ കപ്പൽ നീണ്ടകരയിലെ രക്ഷാദൗത്യത്തിനായി എത്തി. ഇന്നലെ രാത്രിയാണ് കപ്പൽ കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. നിലവിൽ നീണ്ടകരയിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ പ്രത്യേക ഡൈവിംഗ് സംഘവും സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിർണയിക്കുന്നതിനായി നാവികസേന മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കപ്പലിന് സമീപത്തായി മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും നിലയുറപ്പിച്ചിട്ടുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് നിർദേശിക്കുന്ന സ്ഥലങ്ങളിലാകും നേവിയുടെ ഡൈവിംഗ് സംഘം പരിശോധന നടത്തുക. അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ഗൗരവത്തോടെയുള്ള അന്വേഷണം നടന്നിട്ടില്ലെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. തിരച്ചിലിനായി ലഭ്യമായ സംവിധാനങ്ങളൊന്നും സർക്കാർ പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും മത്സ്യത്തൊഴിലാളികളോട് സർക്കാർ വലിയ അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം ഉന്നയിക്കുമ്പോൾ ബിജെപിയും കോൺഗ്രസും സൈബർ ആക്രമണം നടത്തുകയാണെന്നും ഓരോരുത്തർക്കും ഇത്രപേർ എന്ന നിലയിൽ ആളുകളെ തയ്യാറാക്കി നിർത്തിയിരിക്കുകയാണെന്നും വി. ശിവൻകുട്ടി ആരോപിച്ചു.



