വാഹനങ്ങൾക്ക് നേരെ കാട്ടുപോത്തുകളുടെ ആക്രമണം… കണ്ണടച്ചു തുറക്കും മുമ്പ് തകർത്തത്…

സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ ഗൂഢല്ലൂരിലും പരിസര പ്രദേശങ്ങളിലും ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടുപോത്തുകൾ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടുപോത്തുകൾ വാഹനങ്ങൾ തകർത്തു. കൂത്തഗിരിക്ക് സമീപം എസ്. കൈകാട്ടിയിലാണ് ഇന്നലെ രാവിലെ മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും സമീപത്തെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുമാണ് പോത്തുകൾ തകർത്തത്.

മൈതാനത്ത് പുല്ലുതിന്നുന്നതിനിടെ പോത്തുകൾ പരസ്പരം കൊമ്പുകോർത്തിരുന്നു. പിന്നാലെ വാഹനങ്ങൾക്ക് നേരെ തിരിഞ്ഞ പോത്തുകൾ കാറുകൾ കുത്തിത്തകർത്തു. ഒരു കാറിന്റെ പിൻഗ്ലാസ് പൂർണമായും തകർന്നു. രണ്ട് വാഹനങ്ങളുടെയും ബോഡിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ഒരു പോത്ത് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനടുത്തെത്തി കൊമ്പിൽ കോർത്ത് ഇരുചക്രവാഹനം ചുഴറ്റിയെറിയുകയും ചെയ്തു. പ്രദേശവാസികൾ ബഹളംവെച്ചിട്ടും പോത്തുകൾ പിന്തിരിഞ്ഞില്ല. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തുകളെ സമീപത്തെ തേയിലത്തോട്ടത്തിലൂടെ വനത്തിലേക്ക് തുരത്തുകയായിരുന്നു. ആഴ്ചകളായി കാട്ടുപോത്തുകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Related Articles

Back to top button