തൃഷക്കെതിരായ ദ്വയാർഥ പരാമർശക്കേസ്… ഉദയനിധി സ്റ്റാലിനെ….

നടി തൃഷയ്ക്കെതിരായ ദ്വയാർഥ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്ത ശേഷം പോലീസ് വിട്ടയച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കസ്റ്റഡിയിലെടുത്ത് ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് ഉദയനിധിയെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടാനാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു. അന്വേഷണവുമായി എപ്പോൾ ആവശ്യപ്പെട്ടാലും സഹകരിക്കണമെന്ന് ഹൈക്കോടതി ഉദയനിധിയോട് നിർദേശിക്കുകയും ചെയ്തു. കാവേരി നദീജല വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയുണ്ടായ പരാമർശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതും ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾക്കിടെയാണ് ചെന്നൈയിലെ വസതിയിൽ നിന്ന് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.



