മദ്യപിച്ചുള്ള ഡ്രൈവിംഗ് വീണ്ടും കവർന്നത് ഒരു ജീവിതം… അപകടത്തിൽ അറ്റുപോയ ബൈക്ക് യാത്രികന്റെ കാൽ….

തിരുവനന്തപുരം: ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ പരിക്കേറ്റ മലയിൻകീഴ് സ്വദേശി പ്രശാന്തിന്റെ അറ്റുപോയ കാൽ തുന്നിച്ചേർക്കാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിക്ക് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ കാർ ഡിവൈഡർ തകർത്ത് എതിർദിശയിലേക്ക് പാഞ്ഞുകയറി പ്രശാന്ത് സഞ്ചരിച്ചിരുന്ന ബൈക്കിലും തുടർന്ന് ഒരു ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ പ്രശാന്തിന്റെ ഒരു കാൽ അറ്റുപോയി. പിന്നീട് സമീപത്തെ സെമിത്തേരി പ്രദേശത്തുനിന്നാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി ചതഞ്ഞ നിലയിലായിരുന്നതിനാൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ് ശിവൻ (29), വട്ടിയൂർക്കാവ് കാച്ചാണി സ്വദേശി അനന്തകൃഷ്ണൻ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവർക്കുമെതിരെ നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്. വൈദ്യപരിശോധനയിൽ പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.



