മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ മാർച്ച്; ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപനം

ഭക്ഷണസാധനങ്ങൾ, ധാന്യച്ചാക്കുകൾ, പാചകപാത്രങ്ങൾ, ചുരുട്ടിവെച്ച കിടക്കകൾ എന്നിവയുമായി ആയിരക്കണക്കിന് കർഷകർ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ പ്രതിഷേധം ശക്തമാക്കി. പോലീസ് ബാരിക്കേഡുകൾ മറികടന്ന് ചൊവ്വാഴ്ച രാത്രിയോടെ നഗരത്തിലേക്ക് പ്രവേശിച്ച രണ്ടായിരത്തിലധികം കർഷകർ ഇപ്പോൾ മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്ക് മാർച്ച് നടത്തുകയാണ്.
വിളകളും വളവും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി നടപ്പാക്കിയിരിക്കുന്ന ‘ഇ-ടോക്കൺ’ സംവിധാനം പിൻവലിക്കണമെന്നും, പയർവർഗ്ഗ വിളകൾ സർക്കാർ പൂർണമായി സംഭരിക്കണമെന്നുമാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നർമദാപുരം ജില്ലയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ച മാർച്ചിൽ പങ്കെടുത്ത കർഷകർ ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും കരുതിയാണ് യാത്ര തുടങ്ങിയത്. റോഡരികിൽ തന്നെ ഭക്ഷണം പാകം ചെയ്തും വിശ്രമിച്ചുമാണ് സമരം മുന്നോട്ടുകൊണ്ടുപോകുന്നത്. യുവജനങ്ങളുടെ ശ്രദ്ധേയമായ പിന്തുണയും പ്രതിഷേധത്തിന് ലഭിക്കുന്നുണ്ട്. അതേസമയം, കർഷക നേതാവ് രാകേഷ് ടിക്കായത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സമരസാധ്യതകൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള സവർക്കർ പാലത്തിന് സമീപം തമ്പടിച്ചിരുന്ന കർഷകരുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ചകൾ




