കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം… വെളിപ്പെടുത്തലുമായി ഗർഭിണിയായ യുവതി…

കോട്ടയം: കോട്ടയം തീക്കോയിയിൽ ഗർഭിണിയെ തടവിലാക്കി എന്ന് പരാതി. അസം സ്വദേശിയായ 22കാരിയാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അസം സ്വദേശിനി നടത്തിയത്. വാഗമണ്ണിന് അടുത്ത് തീക്കോയ് കേന്ദ്രീകരിച്ചു കുട്ടികളെ വിൽക്കുന്ന മാഫിയ സംഘം പ്രവർത്തിക്കുന്നു എന്നാണ് യുവതിയുടെ പരാതി. സ്വന്തം വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചത്തോടെയാണ് 22കാരി നാടുവിട്ടത്. തുടർന്ന് അമ്മയേയും കുട്ടിയേയും സംരക്ഷിക്കുന്ന ഇടങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞു. അങ്ങനെ തീക്കോയിൽ അർഷിവ് കെയർ എന്ന സ്ഥാപനത്തെ പറ്റി അറിഞ്ഞു. അവരെ ബന്ധപ്പെട്ടു. കാർത്തിക് എന്ന് പരിചയപ്പെടുത്തിയ ആൾ കോട്ടയത്തേക്ക് വരാനുള്ള ട്രെയിൻ ടിക്കറ്റും പണവും അയച്ചു നൽകി.
10 ദിവസം മുൻപ് യുവതി തീക്കോയിൽ എത്തി. സ്ഥാപനത്തിൽ എത്തിയതിന് ശേഷം ഒരാൾ കുഞ്ഞിനെ തന്നാൽ മൂന്ന് ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞു എന്നാണ് 22കാരിയായ യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കുഞ്ഞിന് വിലയിട്ടപ്പോൾ ആണ് തട്ടിപ്പ് നടക്കുന്നതെന്ന് യുവതിക്ക് മനസ്സിലായത്. തുടർന്ന് അവിടെ നിന്ന് രക്ഷപെട്ടോടി. കോട്ടയത്തുള്ള സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് പൊലീസിൽ പരാതി നൽകിയത്.



