കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടം… വില്ലനായത്…..

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വെള്ളപ്പാളി രൂപപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ബസിന്റെ ടയറുകൾക്ക് തേയ്മാനം ഉണ്ടായിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
അപകടസമയത്തെ ബസിന്റെ വേഗതയും അന്വേഷണ സംഘം പരിശോധിക്കും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് അപകടസ്ഥലത്ത് സംയുക്ത പരിശോധന നടത്തും. തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ബസ് പൂർണമായും തകരുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്. ബസിന്റെ അമിതവേഗവും റോഡിന്റെ അശാസ്ത്രീയതയും സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.



