ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെട മേൽശാന്തി നറുക്കെടുപ്പ് 31ന്

മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 2026-27 വർഷത്തെ പുറപ്പെട മേൽശാന്തി നറുക്കെടുപ്പ് 31ന് ചെട്ടികുളങ്ങര ദേവീക്ഷേത്ര സന്നിധിയിൽ നടക്കും. പുറപ്പെട മേൽശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്ന മാർക്ക് നേടിയ 5 പേരുടെ പേരുകളാണ് നറുക്കെടുക്കുന്നത്.
മാവേലിക്കര ഗ്രൂപ്പിലെ കാട്ടുവള്ളിൽ ദേവസ്വത്തിൽ നിന്നുള്ള റ്റി.സി വിഷ്ണുനമ്പൂതിരി, ചങ്ങനാശ്ശേരി ഗ്രൂപ്പിൽ നിന്നുള്ള വാകത്താനം ദേവസ്വത്തിലെ മനുകുമാർ.എം.ഇ, ആറൻമുള ഗ്രൂപ്പിലെ കൊടുന്തറ ദേവസ്വത്തിൽ നിന്നുള്ള എസ്.രമേശ്, കരുനാഗപ്പള്ളി ഗ്രൂപ്പിലെ കൊമളവല്ലീശ്വരം ദേവസ്വത്തിൽ നിന്നുള്ള ബിനു.വി.യു, മുണ്ടക്കയം ഗ്രൂപ്പിലെ പാർത്ഥസാരഥി ദേവസ്വത്തിൽ നിന്നുള്ള രാജേഷ്.റ്റി.എസ് എന്നവരാണ് നറുക്കെടുപ്പിനുള്ള പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പുറപ്പെടാ മേൽശാന്തിയെ ചിങ്ങം ഒന്നിന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അവരോധിക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന നിയുക്ത മേൽശാന്തി സെപ്തംബർ 1 മുതൽ പൂജകൾ ചെയ്തു തുടങ്ങും. ഒരു വർഷമാണ് പുറപ്പെടാ മേൽശാന്തിയുടെ കാലാവധി. നിലവിലെ മേൽശാന്തി ആഗസ്റ്റ് 31ന് രാത്രി പൂജകൾക്ക് ശേഷം നടയടച്ച് താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറും. ദേവസ്വം അധികൃതർ താക്കോൽ നിയുക്ത മേൽശാന്തിക്ക് നൽകും. ക്ഷേത്രവളപ്പിലെ മേൽശാന്തി മഠത്തിലാണ് പുറപ്പെടാ മേൽശാന്തി താമസിക്കുന്നത്.



