കുറ്റിപ്പുറം ബസ് അപകടത്തിൽ യാത്രക്കാരെ പുറത്തെടുത്തത് ഒരു ഭാഗം പൊളിച്ച്… ഒരാൾ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് ബസ് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുന്നത്. അപകടസമയത്ത് ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽപ്പെട്ടവരെ കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിവരികയാണ്. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ഡിഫൻഡർ’ എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



