കൃഷ്ണകുമാറിന്റെയും പേളി മാണിയുടെയും പോസ്റ്റുകൾ ട്രോളി ചന്തു സലിം കുമാർ…

കൊച്ചി: സിജെപിയുടെ പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരിച്ച് നടൻ ചന്തു സലിം കുമാർ. വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ നേരത്തെ പ്രതികരിച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെയും അവതാരക പേളി മാണിയെയും പരിഹസിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചന്തു പങ്കുവെച്ചത്.

“കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്” എന്നായിരുന്നു ചന്തുവിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതിന് താഴെ “കാവി എന്റെ ഇഷ്ടനിറമാണ്” എന്നും അദ്ദേഹം കുറിച്ചു. നേരത്തെ “കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ… പിന്നെയാ ഡൽഹി…” എന്ന പോസ്റ്റർ കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം, ജന്തർ മന്തറിൽ സമരത്തിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥികളോട് സുരക്ഷിതരായിരിക്കാനും ജീവൻ അപകടത്തിലാക്കാതെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടുള്ള പോസ്റ്റാണ് പേളി മാണി പങ്കുവെച്ചത്. പിന്നീട് “ഞാൻ പേളി മാണി, എന്റെ ഇഷ്ട നിറം കാവി” എന്ന മറ്റൊരു പോസ്റ്റും താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകളെ ട്രോളിക്കൊണ്ടാണ് ചന്തു സലിം കുമാർ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.

കൃഷ്ണകുമാറിന്റെ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കുന്നതെന്തിനാണെന്ന ചോദ്യമുൾപ്പെടെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്. പേളി മാണിയുടെ പ്രതികരണവും വലിയ ചർച്ചയായി. ഇതിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് 5.7 മില്യണിൽ നിന്ന് 5.5 മില്യണായി കുറഞ്ഞതായും, രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായതെന്നും റിപ്പോർട്ടുകൾ പറയുന്നു. യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Back to top button