കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി തർക്കം; പാലക്കാട് 24 വയസുകാരൻ കുത്തേറ്റ് മരിച്ചു

പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിൽ 24 കാരനെ കുത്തിക്കൊന്നു. കെരാംപാറ സ്വദേശിയായ ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകാത്തതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെൽസൺ, ജെൻസൺ എന്നിവർ ചേർന്നാണ് ഷെഫീഖിനെ ആക്രമിച്ചത്.
നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ ഷെഫീഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




