കൊളുക്കുമലയിൽ പാറയിൽ നിന്ന് 200 അടി താഴ്ചയിലെ കൊക്കയിലേക്ക് വീണ യുവാവിനെ……

ഇടുക്കി: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ പാറയിൽ നിന്ന് കാൽ തെന്നി 200 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ചെന്നൈ സ്വദേശിയായ കാർത്തിക് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കാർത്തിക്കിനെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പമാണ് കാർത്തിക് കൊളുക്കുമല സന്ദർശിക്കാനെത്തിയത്. ചൊവ്വാഴ്ച കൊളുക്കുമലയിലെത്തിയ സംഘം ബുധനാഴ്ച രാവിലെ സിംഹപ്പാറ കാണാൻ പോവുകയായിരുന്നു. പാറയിൽ കയറി നിൽക്കുന്നതിനിടെ കാർത്തിക്കിന് തലകറങ്ങുകയും തുടർന്ന് താഴ്ചയുള്ള കൊക്കയിലേക്ക് താഴേക്ക് വീഴുകയുമായിരുന്നു.
സംഭവം നടന്ന സിംഹപ്പാറ പ്രദേശം തമിഴ്‌നാടിന്റെ അതിർത്തിക്കുള്ളിലാണെങ്കിലും തമിഴ്‌നാട് പോലീസോ ഫയർഫോഴ്‌സോ രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ കേരള പോലീസും ഫയർഫോഴ്‌സും പ്രാദേശിക ടാക്‌സി തൊഴിലാളികളും ചേർന്നാണ് അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്. വളരെ ആഴമേറിയതും കുത്തനെയുള്ളതുമായ കൊക്കയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. അതേസമയം, ഒരു മാസം മുൻപും ഇതേ സ്ഥലത്തുവെച്ച് മറ്റൊരു യുവാവ് കൊക്കയിലേക്ക് വീണ് അപകടമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അന്ന് യുവാവിന്റെ മൃതദേഹമാണ് കണ്ടെത്താനായത്. പ്രദേശത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



