വ്യാജ പീഡനക്കേസ് ആരോപിച്ചു പോലീസ് വേട്ടയാടൽ… ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി: വ്യാജ പീഡനക്കേസിൽ കുടുക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എറണാകുളത്ത് ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് വിഷം കഴിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു ഹൈക്കോടതി സമുച്ചയത്തിന് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വന്തം ആംബുലൻസിലാണ് ഇരുവരും സ്ഥലത്തെത്തിയത്.
വിഷം കഴിച്ചതായി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇടപെട്ട് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദമ്പതികളുമായി ബന്ധപ്പെട്ട് മുൻപ് ഒരു പീഡന പരാതി ഉയർന്നിരുന്നു. ഈ കേസിൽ വിനുവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതുമാണ്. എന്നാൽ തങ്ങൾക്കെതിരെയുള്ള പരാതി പൂർണ്ണമായും വ്യാജമാണെന്നും, പോലീസിന്റെ ഭാഗത്തുനിന്ന് നിരന്തരം വേട്ടയാടൽ ഉണ്ടാകുന്നുണ്ടെന്നും ആരോപിച്ചാണ് ഇരുവരും ഈ തീവ്രനടപടിയിലേക്ക് കടന്നത്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വിനു കഴിഞ്ഞ ദിവസങ്ങളിൽ പോലീസിനെതിരെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.



