കോടികൾ ചെലവിട്ട് നവീകരിച്ച ചെമ്പകശ്ശേരി പാടശേഖരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു….

ആലപ്പുഴ: പട്ടണക്കാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട ചെമ്പകശ്ശേരി പാടശേഖരത്തിൽ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് നാട്ടുകാർക്ക് വലിയ ദുരിതമാകുന്നു. തീരദേശമേഖലയിലേക്ക് പോകുന്ന പത്മാക്ഷി കവല-അന്ധകാരനഴി റോഡിനോട് ചേർന്നുള്ള പാടശേഖരത്തിലേക്കാണ് കഴിഞ്ഞ രാത്രി നൂറിലധികം ചാക്കുകളിലായി മാലിന്യം തള്ളിയത്. ടിപ്പർ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിച്ചതെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇവിടെ സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവാണ്. രണ്ടുമാസം മുൻപും സമാന രീതിയിൽ ഇവിടെ മാലിന്യം നിക്ഷേപിച്ചിരുന്നു. അന്ന് പഞ്ചായത്ത് അധികൃതർ ചാക്കുകൾ അഴിച്ച് നടത്തിയ പരിശോധനയിൽ ചന്തിരൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയതിന്റെ ബിൽ ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷി മന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം ഏകദേശം 32 കോടി രൂപ ചെലവഴിച്ചാണ് 300 ഏക്കറിലധികം വരുന്ന ചെമ്പകശ്ശേരി പാടശേഖരം നവീകരിച്ച് കൃഷിയോഗ്യമാക്കിയത്. എന്നാൽ പേരിന് ഒരു പ്രാവശ്യം മാത്രമാണ് ഇവിടെ കൃഷിയിറക്കിയതെന്നും, പിന്നീട് മത്സ്യകൃഷിക്കായി മാത്രമാണ് പാടശേഖരം ഉപയോഗിച്ചു വരുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇത്തരത്തിൽ കോടികൾ ചെലവഴിച്ച് നവീകരിച്ച പാടശേഖരമാണ് ഇപ്പോൾ സാമൂഹിക വിരുദ്ധർ മാലിന്യ തള്ളൽ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് നിരന്തരം മാലിന്യം തള്ളുന്നുണ്ടെങ്കിലും ക്യാമറകളോ മറ്റ് സ്ഥിരമായ പ്രതിരോധ സംവിധാനങ്ങളോ ഏർപ്പെടുത്താതെ അധികൃതർ കാഴ്ചക്കാരായി നിൽക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. പ്രദേശത്തെ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും കാരണം യാത്രക്കാരും പരിസരവാസികളും കടുത്ത ദുരിതത്തിലാണ്. പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിലാണ് പ്രദേശവാസികൾ.



