വെള്ളൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്….

വൈക്കം: കോട്ടയം വെള്ളൂരിൽ പേപ്പട്ടിയുടെ ക്രൂരമായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കടിയേറ്റ രണ്ട് പൂച്ചകളും ഒരു വളർത്തുപട്ടിയും ചത്തു. വെള്ളൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ ഇന്ന് രാവിലെയാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം ഉണ്ടായത്. രാവിലെ ആറരയോടെ മടത്തേടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ വെച്ചാണ് ആദ്യ ആക്രമണം ഉണ്ടായത്. പള്ളിയിലേക്ക് പോകുകയായിരുന്ന കിഴക്കേപ്പറമ്പിൽ റീനയ്ക്കാണ് ആദ്യം കടിയേറ്റത്. ഇവർ ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
റീനയെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ 78 വയസുകാരനായ ചന്ദ്രാമലയിൽ പുരുഷോത്തമനെയും പട്ടി കടിച്ചു പരിക്കേൽപ്പിച്ചു. വെള്ളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ തേടിയെങ്കിലും മുറിവ് ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപിന്നാലെ 63 കാരനായ ശങ്കരാലിൽ മോഹനെയും പട്ടി ആക്രമിക്കുകയായിരുന്നു. അറുന്നൂറ്റിമംഗലം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെയും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പ്രദേശത്ത് അക്രമാസക്തയായി ഓടിയ പട്ടി കണ്ണിൽ കണ്ട ജീവികളെയൊക്കെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പൂച്ചകളും ഊട്ടുശാലയിലെ സണ്ണിയുടെ വളർത്തുപട്ടിയും കടിയേറ്റ് ചത്തു. പട്ടി പരക്കെ അക്രമം അഴിച്ചുവിട്ടതോടെ വെള്ളൂർ പഞ്ചായത്തിന്റെ നിർദേശപ്രകാരം വൈക്കത്തു നിന്നും പ്രത്യേക ഡോഗ് ഹാൻഡ്‌ലേഴ്‌സ് സംഘത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഡോഗ് ഹാൻഡ്‌ലേഴ്‌സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് പട്ടിയെ വലവിരിച്ച് പിടികൂടാനായത്. പേപ്പട്ടിയുടെ കടിയേറ്റ മറ്റ് രണ്ട് പട്ടികളെ നിലവിൽ കൂടുകളിൽ അടച്ച് പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.



