കാത്തിരിപ്പ് നീളുന്നു; ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല അതോറിറ്റി പ്രതിസന്ധി നേരിടുമ്പോഴും, ഓവർസിയർ ഗ്രേഡ് III തസ്തികയിലേക്കുള്ള നിയമനങ്ങൾ അധികൃതർ ബോധപൂർവം വൈകിപ്പിക്കുന്നതായി ആക്ഷേപം. നൂറിലേറെ ഒഴിവുകൾ നിലവിലുണ്ടായിട്ടും സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗാർഥികളെ തെരുവിലിറക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

ജല അതോറിറ്റി ഉദ്യോഗാർഥികൾക്ക് നൽകിയ വിവരാവകാശ മറുപടി പ്രകാരം ഓവർസിയർ ഗ്രേഡ് III തസ്തികയിൽ 175 ഒഴിവുകളുണ്ട്. ഇതിൽ 113 എണ്ണം തസ്തിക മാറ്റത്തിനു വേണ്ടി നീക്കിവച്ചതാണ്. ഈ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നേടിയത് 35 പേർ മാത്രം. 4 മാർക്ക് നേടിയ ആൾ പോലും പട്ടികയിലുൾപ്പെട്ടു. മുഴുവൻ പേർക്കും നിയമനം നൽകിയാലും ഈ വിഭാഗത്തിൽ മാത്രം 78 ഒഴിവുകൾ ബാക്കി വരും. അതേസമയം ഈ വിഭാഗത്തിൽ നിയമന ശുപാർശ ലഭിച്ച പലരും പുതിയ ജോലിയിൽ ചുമതലയേറ്റിട്ടില്ല.

അതേസമയം, നേരിട്ടുള്ള നിയമനത്തിനാകട്ടെ 20 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 42 എണ്ണം കൂടി റിപ്പോർട്ട് ചെയ്യാനുള്ള നടപടികളിലുമാണെന്നാണ് ജല അതോറിറ്റിയുടെ മറുപടി. എന്നാൽ ഈ വിഭാഗത്തിലേക്ക് 3 മാസം മുൻപ് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലുൾപ്പെട്ടത് 1467 പേർ. എന്നിട്ടും ഒറ്റ ഒഴിവിലേക്കും നിയമനത്തിന് നടപടിയില്ലെന്നാണ് ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. പിഎസ്‌സി നൽകിയ വിവരാവകാശ മറുപടിയിൽ ജല അതോറിറ്റി പറഞ്ഞ അത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി കാണുന്നില്ലെന്നും അവർ ആരോപിക്കുന്നു.

തസ്തികമാറ്റം വഴിയുള്ള തസ്തികകളിൽ അധികം വരുന്ന ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിലൂടെ നികത്തണമെന്നാണ് ചട്ടം. ഈ തസ്തികയിൽ പക്ഷേ വീണ്ടും വരുന്ന ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ അടുത്ത തസ്തികമാറ്റത്തിനായി നീട്ടിവയ്ക്കാനാണ് ജല അതോറിറ്റി അധികൃതരുടെ നീക്കമെന്ന് ഉദ്യാഗാർഥികൾ സംശയിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. തസ്തിക മാറ്റത്തിൽ ബാക്കി വരുന്ന ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിലേക്ക് നീക്കിവച്ചാൽ റാങ്ക് പട്ടികയിലെ കൂടുതൽ പേർക്ക് ജോലി ലഭിക്കുമെന്നും അവർ പറയുന്നു.

Related Articles

Back to top button