സ്ത്രീകളെ ശല്യംചെയ്തെന്ന് പരാതി…. അന്വേഷിക്കാനെത്തിയ പൊലീസിനെ യുവാവ് ചെയ്യ്തത്…

കൊച്ചി: കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവാവ് ആക്രമിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെ കലൂർ ജങ്ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് എറണാകുളം വെസ്റ്റ് സബ്ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ടതോടെ ജസ്റ്റിൻ അസഭ്യം പറയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ചവിട്ടുകയും ചെയ്തു. ഇതിനിടെ യുവാവ് ഇൻസ്പെക്ടർ കെ സി രതീഷിന്റെ ഇടത് കൈയിലെ തള്ള വിരലിലും ചൂണ്ടു വിരലിലും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

സ്ത്രീകൾക്കെതിരായ അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജസ്റ്റിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Related Articles

Back to top button