സംസ്ഥാന സർക്കാരിനെതിരെ വീണ ജോർജ്ജ്

കേരളത്തിൽ പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വീണ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും നിലവിലെ പവർ കട്ടിനെതിരെയും അവർ രംഗത്തെത്തിയത്.

വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗിയാണ് വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് മരണമടഞ്ഞതെന്ന് അവർ ചൂണ്ടിക്കാട്ടി. കറണ്ട് പോയ വിവരം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ച് അറിയിച്ച കുടുംബാംഗങ്ങളോട് ‘എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ല’ എന്ന രീതിയിൽ അധികൃതർ മറുപടി നൽകി. ഇൻവെർട്ടറും ജനറേറ്ററും വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത നിരവധി കുടുംബങ്ങൾ നമുക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം അധികൃതർ മറക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹ്യപ്രവർത്തകയായ ചിത്ര അഭയയാണ് ഫെയ്‌സ്ബുക്കിൽ ഇത് ആദ്യം പുറത്തുവിട്ടത്.

ഈ ദുരന്ത വാർത്ത കോവിഡ് കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും വീണ ജോർജ് പറഞ്ഞു. രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രമായ ഘട്ടത്തിൽ പോലും ഓക്സിജൻ കിട്ടാതെ കേരളത്തിൽ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ആശുപത്രികളിൽ ഓക്സിജൻ ബെഡ്ഡുകൾ ക്രമീകരിക്കുകയും വീടുകളിലെ കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഓക്സിജൻ പ്രതിസന്ധിയില്ലാത്ത കേരളത്തിന്റെ കോവിഡ് പ്രതിരോധം കണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടർ അന്ന് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാൽ ഇന്ന് പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ സംസ്ഥാനത്ത് മരണം സംഭവിച്ചിരിക്കുകയാണ്. മൂന്ന് മാസം മുൻപ് വരെ പവർ കട്ട് എന്തെന്ന് അറിയാതിരുന്ന പുതിയ തലമുറ ഇന്ന് ഒരു ദിവസം തന്നെ പലതവണ പവർ കട്ട് അനുഭവിക്കേണ്ടി വരികയാണ്. അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും സമൂഹം നേരിടുകയാണ്. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ നിസംഗത വെടിയണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

Related Articles

Back to top button