സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് സഹ തടവുകാരന്റെ തലയ്ക്കടിച്ചു…

ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം. ആക്രമണത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്. സംഭവത്തിൽ സഹ തടവുകാരനായ രഞ്ജിത്ത്(25)നെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പിലായിരുന്നു സംഭവം. ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടിയെറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്.

ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം, അടിപിടി കേസുമായി ബന്ധപ്പെട്ടാണ് രഞ്ജിത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്.

Related Articles

Back to top button