വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത്, അത് വെറുമൊരു ബിസിനസ് തർക്കം മാത്രം…

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ ആരും ശ്രമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഓഹരിക്കൈമാറ്റ വിഷയം ഒരു ബിസിനസ് തർക്കമായി മാത്രം കാണേണ്ടതാണെന്ന് എസ്.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൽ എഴുതിയ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

വിഴിഞ്ഞത്തിന്റെ പേരിൽ അനാവശ്യമായ രാഷ്ട്രീയ പോര് ഉണ്ടാകരുതെന്നും പദ്ധതിയെ വെള്ളത്തിലാക്കരുതെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. പിണറായി സർക്കാരും മുൻപ് ഉമ്മൻ ചാണ്ടി സർക്കാരും വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി എടുത്ത ശക്തമായ നിലപാടുകളെ അദ്ദേഹം എഡിറ്റോറിയലിൽ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയ ഭേദമന്യേ ഇരു സർക്കാരുകളും സ്വീകരിച്ച നിലപാടുകളുടെയും കഠിനാധ്വാനത്തിന്റെയും ഭാഗമായാണ് വിഴിഞ്ഞം ഇന്ന് യാഥാർഥ്യമായത്. ഇതിനെ വെറുമൊരു വിവാദത്തിലേക്ക് വലിച്ചിഴച്ച് പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടപ്പെടുത്തരുതെന്നാണ് യോഗനാദം വ്യക്തമാക്കുന്നത്.

‘വിഴിഞ്ഞത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ വളരരുത്’ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ നിലപാട് തികച്ചും പക്വതയുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ കുറിച്ചു. നിലവിലെ പ്രശ്നങ്ങൾ തികച്ചും ഒരു ബിസിനസ് തർക്കം മാത്രമാണ്. അദാനി ഗ്രൂപ്പ് കാണിച്ചത് ഒട്ടും മര്യാദയുള്ള പ്രവൃത്തിയല്ല. എങ്കിലും അതൊരു ബിസിനസ് തർക്കമായതിനാൽ, കരാർ വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം അതിനെതിരെ നിയമപരമായിത്തന്നെ നടപടികൾ സ്വീകരിക്കാനുള്ള വകുപ്പുകൾ കരാറിലുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റി പദ്ധതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടു.

Related Articles

Back to top button