സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി എന്ന് തീരുമെന്ന് പറയാറായിട്ടില്ല….

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് നിലവിൽ പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കടുത്ത കാലാവസ്ഥാ വ്യതിയാനവും വൈദ്യുതി ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് 28 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കൂടാതെ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.
കടുത്ത പ്രതിസന്ധിയുണ്ടെങ്കിലും ഇത് ഭരണപരാജയമാണെന്ന ആരോപണം മന്ത്രി സണ്ണി ജോസഫ് തള്ളി. മുൻപ് ഇടതുസർക്കാരിന്റെ കാലത്തും ഇത്തരത്തിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ അഭ്യർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടത് മുൻ മന്ത്രി എ. കെ. ബാലനാണെന്നും മന്ത്രി വ്യക്തമാക്കി.അടിയന്തര പരിഹാരങ്ങൾ തേടി കെഎസ്ഇബി പ്രതിസന്ധി മറികടക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഹ്രസ്വകാല കരാറിലൂടെ കൂടുതൽ വൈദ്യുതി പുറത്തു നിന്ന് വാങ്ങാൻ ശ്രമിക്കുകയാണ്. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്. കൈമാറ്റ വ്യവസ്ഥയിൽ മുൻപ് വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് നിലവിൽ വലിയൊരു ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
ഭാവിയിലെ പ്രതിസന്ധികൾ ഒഴിവാക്കാൻ ബാറ്ററി സ്റ്റോറേജ് സംവിധാനം വർധിപ്പിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നുവെന്ന് മന്ത്രി. അതേസമയം വൈദ്യുതി പ്രതിസന്ധി കാരണം സംസ്ഥാനത്ത് പവർകട്ട് തുടരുകയാണ്. ഇന്നലെയും ഇന്നുമായി പല തവണയാണ് വിവിധയിടങ്ങളിൽ വൈദ്യുതി നിലച്ചത്. നിലവിലുള്ള വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്ത ഒരു അടിയന്തര സാഹചര്യത്തിലാണ് നിലവിൽ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുവാൻ കെഎസ്ഇബി നിർബന്ധിതരായതെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.



