തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവർക്കും ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്കും നേരെ……..

തമിഴ്നാട്ടിൽ മലയാളി ടാക്സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദ്ദനമെന്ന് പരാതി. വൺവേ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കഴിഞ്ഞ ജൂൺ 11-ന് വിനോദസഞ്ചാരികളുമായി തമിഴ്നാട്ടിലെത്തിയ കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് പൊലീസിൽ നിന്ന് ക്രൂരമായ അനുഭവം ഉണ്ടായത്. തനിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഓസ്ട്രേലിയൻ വിനോദസഞ്ചാരികളെയും പൊലീസ് കൈയേറ്റം ചെയ്തതായി ഫെഡറിക് ആരോപിച്ചു. സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയിക്ക് നേരിട്ട് പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്.
കഴിഞ്ഞ ജൂൺ 10-ാം തീയതി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഓസ്ട്രേലിയയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുമായി ഫെഡറിക് തമിഴ്നാട്ടിലേക്ക് പുറപ്പെടുന്നത്. കന്യാകുമാരി സന്ദർശിച്ച ശേഷം രാമേശ്വരത്ത് പോയി തിരികെ വരുന്നതിനിടെ, രാമേശ്വരം റെയിൽവേ സ്റ്റേഷനടുത്തുള്ള ടെമ്പിൾ റോഡിൽ വെച്ചാണ് ട്രാഫിക് പൊലീസ് ഫെഡറിക്കിന്റെ വാഹനം തടഞ്ഞുനിർത്തുന്നത്. വൺവേ തെറ്റിച്ചു എന്ന് പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്.
ഫെഡറിക്കിന്റെ വാഹനത്തിന് തൊട്ടുപിന്നാലെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസും മറ്റ് സ്വകാര്യ വാഹനങ്ങളും വരുന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി താൻ മാത്രം എങ്ങനെയാണ് വൺവേ തെറ്റിച്ചതെന്ന് ഫെഡറിക് ചോദിച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സർക്കാർ വാഹനങ്ങൾക്ക് പോകാമെന്ന വിചിത്ര വിശദീകരണമാണ് പൊലീസ് നൽകിയത്. തുടർന്ന് രാമേശ്വരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ സത്യേന്ദ്രൻ, യുവരാജ് കുമാർ എന്നിവർ ചേർന്ന് ഫെഡറിക്കിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
പിന്നാലെ ഫെഡറിക്കിനെ അടുത്തുള്ള ഒരു ഓട്ടോയിലേക്ക് വലിച്ചിഴച്ചു കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോയ്ക്കുള്ളിൽ വെച്ചും പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഫെഡറിക് പറയുന്നു. ട്രാഫിക് നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കുന്നതിന് പകരം എന്തിനാണ് മർദ്ദിക്കുന്നതെന്ന് ഫെഡറിക് ചോദിക്കുന്നു. അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ഫെഡറിക്കിനെതിരെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി രാമേശ്വരം പൊലീസ് കേസെടുക്കുകയാണുണ്ടായത്. കൂടാതെ, പൊലീസിന്റെ മർദ്ദന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതിനും ഫെഡറിക്കിനെതിരെ തമിഴ്നാട് പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനീതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഫെഡറിക്കും കുടുംബവും.



