മന്ത്രിയായിട്ടും എന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സോഷ്യൽ മീഡിയയിലിട്ടു….

കൊല്ലം: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. താൻ ഒരു മന്ത്രിയായിരുന്നിട്ടുപോലും തന്റെ മുഖം ഉൾപ്പെടുത്താതെ ശരീരത്തിന്റെ മാത്രം ചിത്രം പകർത്താൻ ഓൺലൈൻ മാധ്യമങ്ങൾ മുതിർന്നുവെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയായിരുന്നു ഈ ദുരനുഭവം ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. മുഖം ഒഴിവാക്കി ശരീരത്തിന്റെ മാത്രം എടുത്ത ചിത്രം പിന്നീട് ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും, അതിനോടകം തന്നെ മറ്റുചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നതായും മന്ത്രി പറഞ്ഞു.
മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് ചോദ്യം ഉന്നയിച്ച മന്ത്രി, എന്നാൽ ആരാണ് ഈ ചിത്രം പകർത്തിയതെന്നോ ഏത് സ്കൂളിലാണ് സംഭവം നടന്നതെന്നോ പരസ്യമായി വെളിപ്പെടുത്താൻ തയ്യാറായില്ല. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടരുകയാണെന്നും ഇവ തടയാന്‍ വനിതാ ശിശു ക്ഷേമ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. വിഷയത്തിൽ ‘സീറോ ടോളറന്‍സ്’ നയമാണ് വകുപ്പ് സ്വീകരിക്കുന്നത്. ഇതിനായി ‘സേഫ് വുമണ്‍, സേഫ് ഫാമിലി’ നയം നടപ്പിലാക്കും. ഒറ്റപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെയുള്ള സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോറോ ഹെൽത്ത് അടക്കമുള്ള കമ്പനികളിൽ നടക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളിലും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. നിലവിൽ തൊഴിൽ വകുപ്പ് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. പുതിയ തൊഴിൽ കോഡുകൾ കാണിച്ച് കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടത്തുകയാണ്. ഇതിനെതിരെ ‘ഓഫീസ് വെൽനെസ്സ് പോളിസി’ രൂപീകരിക്കാൻ ആഗ്രഹമുണ്ടെന്നും മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് ഇതിൽ അന്തിമ തീരുമാനമെടുക്കുമെന്നും അവർ വ്യക്തമാക്കി. കൂടാതെ ‘ഗിഗ് വർക്കേഴ്സ് ആക്ട്’ കൊണ്ടുവരുമെന്നും, ഗിഗ് തൊഴിലാളികൾക്കായി പ്രത്യേകം വിശ്രമമുറികളും പുതിയ ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി വാഗ്ദാനം നൽകി.
പേഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നുവെന്ന ആക്ഷേപത്തിൽ പ്രതികരിച്ച മന്ത്രി, നിയമനങ്ങളെല്ലാം കൃത്യസമയത്ത് തന്നെ നടക്കുമെന്നും അതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും വ്യക്തമാക്കി. താൻ പാർട്ടിയോട് ഒരു വകുപ്പും ചോദിച്ചു വാങ്ങിയിരുന്നില്ല. ആദ്യമായി എംഎൽഎയായ തന്നെ പാർട്ടി മന്ത്രിയാക്കുകയായിരുന്നു, അത് തന്നെ വലിയ കാര്യമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കെപിസിസി പുനസംഘടനാ ചർച്ചകളെക്കുറിച്ച് പ്രതികരിക്കവെ, താൻ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയെന്നും കെപിസിസി പുനസംഘടനയിൽ കൃത്യമായ വനിതാ പ്രാതിനിധ്യം വേണമെന്ന് താൻ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.



