‘ഓപ്പറേഷൻ തൂഫാൻ’: സ്കൂൾ-കോളേജ് ബസുകളിൽ 29 ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തൽ….

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ നടത്തിയ വ്യാപക പരിശോധനയിൽ എറണാകുളം റേഞ്ചിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പോലീസ് വ്യാപക പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ് ബസുകളുടെയും മറ്റ് വിദ്യാർത്ഥി വാഹനങ്ങളുടെയും ഡ്രൈവർമാരെ ലക്ഷ്യമാക്കിയായിരുന്നു പരിശോധന.
ഈ പ്രത്യേക പരിശോധനയുടെ ഭാഗമായി നാല് ജില്ലകളിലുമായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 29 ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് പോലീസ് നിർദേശം നൽകി. ആലപ്പുഴ ജില്ലയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ 9 പേർ മദ്യപിച്ചതായി കണ്ടെത്തി. കോട്ടയം ജില്ലയിൽ 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ ആറ് പേർ മദ്യപിച്ചതായി കണ്ടെത്തി. ഇടുക്കി 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള കടുത്ത നിയമ ലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. ഇത്തരം പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പോലീസ് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.



