42 പേരുടെ വണ്ടിയിൽ നൂറോളം യാത്രക്കാർ… ഗവി റൂട്ടിൽ അപകടസാധ്യതയേറുന്നു….

പത്തനംതിട്ട: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി പത്തനംതിട്ട ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ (ഡിടിഒ) എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്ക് സർവീസ് നടത്തുന്ന ‘പ്രിയദർശിനി’ ബസ് കഴിഞ്ഞ ദിവസവും വനത്തിനുള്ളിൽ വെച്ച് കേടായ പശ്ചാത്തലത്തിലാണ് ഈ നീക്കം. കനത്ത വനത്തിനുള്ളിൽ ബസ് പണിമുടക്കിയതിനെ തുടർന്ന് വനംവകുപ്പിന്റെ വാഹനം എത്തിച്ചാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ സർവീസ് ആരംഭിച്ചതോടെ ഗവി റൂട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പരമാവധി 42 പേരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബസിൽ ഇപ്പോൾ നൂറോളം ആളുകളാണ് കയറുന്നത്. പരിധിയിൽ കൂടുതൽ ആളുകൾ കയറുന്നത് മൂലം ബസ് അടിക്കടി കേടാകുന്നതിലേക്ക് നയിക്കുന്നു. ഇതോടൊപ്പം തന്നെ ദുർഘടമായ വനപാതയിലൂടെയുള്ള യാത്ര വലിയ അപകടസാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്.
യാത്രാക്ലേശത്തിനും അപകടസാധ്യതയ്ക്കും ശാശ്വത പരിഹാരമായി ഗവി റൂട്ടിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്നാണ് ഡിടിഒ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നതിന് വനംവകുപ്പിന്റെ ഉൾപ്പെടെയുള്ള പ്രത്യേക അനുമതി ആവശ്യമാണ്. വനപാതയിലെ യാത്രാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫാസ്റ്റ് പാസഞ്ചർ കട്ട്‌ചേയ്‌സ് ബസുകൾ അനുവദിക്കുന്നതായിരിക്കും കൂടുതൽ ഗുണകരമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കെഎസ്ആർടിസി എംഡിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.



