‘ഡ്രൈവർ ഡിവൈഎഫ്ഐക്കാരനെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’….വെല്ലുവിളിയുമായി മന്ത്രി കെ.എ തുളസി….

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിൽ ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചെന്ന യൂത്ത് കോൺഗ്രസ് ആരോപണം ശക്തമായി തള്ളി മന്ത്രി കെ.എ തുളസി. തന്റെ ഡ്രൈവർക്ക് ഡിവൈഎഫ്ഐ അംഗത്വമുണ്ടെന്ന് തെളിയിച്ചാൽ അടുത്ത നിമിഷം അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടാമെന്ന് മന്ത്രി വെല്ലുവിളിച്ചു.

വർഷങ്ങളോളം പാലക്കാട്ടെ മുൻ എംപിയുടെയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെയും ഡ്രൈവറായിരുന്ന വ്യക്തിയാണ് ഇപ്പൊൾ തന്നോടൊപ്പമുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം എങ്ങനെയാണ് പെട്ടെന്ന് ഡിവൈഎഫ്ഐക്കാരനായതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പരിഹസിച്ചു. എംഎൽഎ ഓഫീസിന്റെ ഉദ്ഘാടന ദിവസം തന്നെ ഇത്തരമൊരു വിവാദം ഉയർത്തിക്കൊണ്ടുവന്നതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘തെരുവിൽ തടയും’യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

മന്ത്രിയുടെ ഡ്രൈവർ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശനാണ് രംഗത്തെത്തിയത്. പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ടവരെയും സമരം ചെയ്തവരെയും അവഗണിച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെയാണ് മന്ത്രി ഡ്രൈവറാക്കിയതെന്ന് സതീശൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു.

ജില്ലയിൽ നിന്നുള്ള ഒരാളെപ്പോലും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചില്ലെന്നും, ഇത്തരത്തിലുള്ള നിയമനങ്ങളാണ് തുടരുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്

Related Articles

Back to top button