താമരശ്ശേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം… വയനാട് സ്വദേശിയായ യുവാവ് മരിച്ചു

താമരശ്ശേരി: ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വയനാട് നടവയൽ സ്വദേശി അരുൺ ആണ് അപകടത്തിൽ മരണപ്പെട്ടത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിലേക്ക് സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു മരണപ്പെട്ട അരുൺ. മുക്കത്ത് വെച്ച് നടക്കുന്ന കമ്പനിയുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനായി, ഇതേ കമ്പനിയിലെ ജീവനക്കാരനായ സുഹൃത്ത് മനു പോളിനൊപ്പം പോകുമ്പോഴാണ് വഴിമധ്യേ ദുരന്തം അരുണിന്റെ ജീവൻ കവർന്നത്. കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. സോണിയയാണ് ഭാര്യ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ആൻലിൻ ഏക സഹോദരനാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button