ലഹരി വിൽപ്പന ആരോപിച്ച് യുവാക്കളെ നഗ്നരാക്കി മർദിച്ചു, തലമുണ്ഡനം ചെയ്തു… ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്ന് ആഭ്യന്തര മന്ത്രി

പെരുമ്പാവൂർ: ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് പെരുമ്പാവൂരിൽ യുവാക്കളെ ക്രൂരമായി മർദിച്ച് തലമുണ്ഡനം ചെയ്ത സംഭവം ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിവിൽപ്പന സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അത് പൊലീസിനെയാണ് അറിയിക്കേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മഞ്ഞപ്പെട്ടി നീറിയാണിക്കൽ ഗോകുൽ ദീപക് (18), കണ്ടന്തറ പുത്തൻപുര ആൽബിൻ ഷാജി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് മുഹമ്മദ് അൽഫാസ് (20) എന്നീ യുവാക്കളാണ് അതിക്രൂരമായ മർദനത്തിന് ഇരയായത്. കോൺഗ്രസ് നേതാവും വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ശെരീഫിന്റെ നേതൃത്വത്തിലായിരുന്നു ഈ ആക്രമണം നടന്നത്. സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രവർത്തകരായ ‘തൂഫാൻ വാരിയേഴ്സാ’ണ് ശെരീഫും സാജിതും ഷമീറും റഫീഖും. ഇതിൽ ശെരീഫ്, മുൻപ് കഞ്ചാവ് വിൽപ്പന ആരോപിച്ച് അതിഥിത്തൊഴിലാളിയെ ആക്രമിച്ച കേസിൽ മൂന്നുമാസം മുൻപ് റിമാൻഡിലായിട്ടുള്ള വ്യക്തിയാണ്.
വ്യാഴാഴ്ച കണ്ടന്തറയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ടോപ്സ് സോഡ കമ്പനി ജീവനക്കാരായ ആൽബിൻ ഷാജിയും മുഹമ്മദ് അൽഫാസും സുഹൃത്ത് ഗോകുൽ ദീപക്കിന്റെ ജോലിക്കാര്യത്തിനായി എത്തിയതായിരുന്നു. ഈ സമയത്താണ് ആറംഗസംഘം ഇവരെ വളഞ്ഞത്. തുടർന്ന് യുവാക്കളെ അസഭ്യം പറയുകയും നടുറോഡില്‍ കുനിച്ചുനിര്‍ത്തി ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പിന്നീട് കമ്പനിക്കകത്ത് സൂപ്പർവൈസറുടെ മുറിയിൽ കയറ്റി യുവാക്കളെ നഗ്നരാക്കിയും മർദനം തുടർന്നു. ശേഷമാണ് ബാർബറെ സ്ഥലത്ത് വിളിച്ചുവരുത്തി ഇവരുടെ മുടി നിർബന്ധപൂർവ്വം വടിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം സമാന്തര നിയമവ്യവസ്ഥ നടപ്പാക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.



