മീൻ ഫ്രൈയിൽ ചത്ത അട്ട… കന്റോൺമെന്റ് പൊലീസ് കാന്റീനെതിരെ കോർപ്പറേഷൻ നടപടി

തിരുവനന്തപുരത്ത് കന്റോൺമെന്റ് പൊലീസ് കാന്റീൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പൂട്ടിപ്പിച്ചു. കാന്റീനിൽ നിന്നും വിതരണം ചെയ്ത മീൻ ഫ്രൈയിൽ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷന്റെ അടിയന്തര നടപടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ ഒരു പൊലീസുകാരൻ വാങ്ങിയ പാഴ്സലിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കാന്റീൻ നടത്തിപ്പുകാരായ കരാറുകാരോട് കോർപ്പറേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെത്തിയ പൊലീസുകാരൻ ചോറിനൊപ്പം കഴിക്കാനായി ഒരു പൊരിച്ച മീൻ പാഴ്സലായി വാങ്ങുകയായിരുന്നു. ഡ്യൂട്ടിക്ക് ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കാനായി പാഴ്സൽ പൊതി തുറന്നപ്പോഴാണ് മീൻ ഫ്രൈയ്‌ക്കൊപ്പം കരിഞ്ഞ നിലയിൽ ചത്ത അട്ടയെയും കണ്ടെത്തിയത്. ഇതോടെ പൊലീസുകാരൻ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ കാന്റീനിൽ വിശദമായ പരിശോധന നടത്തി. കടുത്ത വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഭക്ഷണശാല പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്ന് പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി കാന്റീൻ ഉടനടി പൂട്ടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

ഈ കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ കൺട്രോൾ റൂം ജീവനക്കാരുൾപ്പെടെയുള്ള പൊലീസുകാരുടെ ഏക ആശ്രയമായതിനാൽ പലരും ഔദ്യോഗികമായി പരാതിപ്പെടാൻ മടിക്കുകയായിരുന്നു. പ്രധാന ആശ്രയമായ കാന്റീനെതിരെ പറയാൻ ജീവനക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസുകാരന്റെ പാഴ്സലിൽ നിന്ന് തന്നെ അട്ടയെ കണ്ടെത്തിയതും തുടർന്ന് കോർപ്പറേഷൻ കർശന നടപടി സ്വീകരിച്ചതും.

Related Articles

Back to top button