നടി ആക്രമിക്കപ്പെട്ട കേസ്… പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും….

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. ഹൈക്കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്. പൾസർ സുനിയടക്കം കേസിൽ ശിക്ഷിക്കപ്പെട്ട 6 പ്രതികളുടെ അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ അപ്പീലിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് നടിക്കായി ഹാജരാക്കുക. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഉടൻ ഹൈക്കോടതിയുടെ തീരുമാനം വരും.

കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകിയത്. 11 മണിയോടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടൻ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ ഇന്ന് പരിഗണിക്കില്ല.

Related Articles

Back to top button