സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു, കഴിഞ്ഞ ഒരാഴ്ചയായി നിയന്ത്രണങ്ങളില്ലെന്ന് കെഎസ്ഇബി…

സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ശമനം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി ഔദ്യോഗികമായി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭ്യമായതാണ് നിലവിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സഹായകരമായത്.

സംസ്ഥാനത്ത് ഈ സീസണിൽ പെയ്ത മഴയുടെ കുറവ് മൂലം വൈദ്യുതി ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം പരിധിവിട്ട് ഉയർന്നതോടെയാണ് മുൻ ദിവസങ്ങളിൽ കെഎസ്ഇബിക്ക് സംസ്ഥാന വ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നത്. തുടർന്ന്, സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഏകദേശം 600 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ വലിയ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബി കമ്മീഷനെ അറിയിച്ചിരുന്നത്.

യൂണിറ്റിന് 10 രൂപ വരെ ഉയർന്ന നിരക്ക് നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നത് കെഎസ്ഇബിക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയ്ക്കാണ് കാരണമാകുന്നത്. എങ്കിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പവർ എക്സ്ചേഞ്ചിൽ നിന്നും നിലവിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നത്. നിലവിൽ പുറത്തുനിന്നുള്ള വൈദ്യുതി കൃത്യമായി ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് കെഎസ്ഇബി നൽകുന്ന സൂചന.

Related Articles

Back to top button