പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം… സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനി താൻ നേരിട്ട പീഡനവിവരം കൗൺസിലറോട് വെളിപ്പെടുത്തിയത്. സ്കൂളിന് സമീപത്ത് വെച്ചും, മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും സഹപാഠികൾ തന്നെ പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി വ്യക്തമാക്കിയത്.
സംഭവത്തില്‍ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. അഞ്ച് ആൺകുട്ടികൾ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കേസിൽ ഉൾപ്പെട്ട ആറാമത്തെ പെൺകുട്ടിയുടെ വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നാണ് ഇരയായ വിദ്യാർത്ഥിനിയുടെ മൊഴി. കൗണ്‍സിലിംഗിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ വിവരം പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും (ശിശുക്ഷേമ സമിതി) ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. കേസിലെ പ്രതികളായ കുട്ടികളുടെ മൊഴി പോലീസ് ഉടൻ തന്നെ രേഖപ്പെടുത്തും.



