ആര്യനാട് സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്…

തിരുവനന്തപുരം: ആര്യനാട് സിപഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഓഫീസിന്റെ കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്നേക്ക് റെസ്ക്യൂറും ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി. ഓഫീസ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് സംശയാസ്പദമായ രീതിയിൽ എന്തോ ഇരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് വമ്പൻ പെരുമ്പാമ്പ് ഒളിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പിന്റെ നിർദ്ദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആർ.ആർ.ടി അംഗവും പ്രശസ്ത സ്നേക്ക് റെസ്ക്യൂറുമായ റോഷിനി ജി.എസ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പാർട്ടി ഓഫീസിന് സമീപത്തുകൂടി കരമനയാർ ഒഴുകുന്നുണ്ട്. പുഴ വഴി ജനവാസ മേഖലയിലെത്തിയ പാമ്പ് ഓഫീസിനുള്ളിൽ കയറിപ്പറ്റിയതാകാം എന്നാണ് പ്രാഥമിക നിഗമനം.



