മദ്യപിക്കാനുള്ള പ്രായപരിധിയിൽ മാറ്റമോ?… ആലോചനകൾ നടക്കുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു

സംസ്ഥാനത്തെ മദ്യവിൽപ്പനയ്ക്കുള്ള പ്രായപരിധി സംബന്ധിച്ച് ചില ആലോചനകൾ നടക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു. നിലവിൽ 23 വയസ്സുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ നിയമപരമായി സാധിക്കുകയുള്ളൂവെന്നും ഇത് ലംഘിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വീര്യം കുറഞ്ഞ മദ്യവിൽപ്പനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. നാളെ ഇത്തരത്തിലുള്ള വിൽപ്പനയ്ക്ക് സാധ്യതയുണ്ടെങ്കിൽ അതിനുള്ള നികുതി നിരക്കാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളതെന്നും ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിലിട്ടറി കാന്റീൻ ഉൾപ്പെടെ എവിടെയാണെങ്കിലും മദ്യം വിൽക്കണമെങ്കിൽ ബ്രാൻഡ്-ലേബൽ രജിസ്ട്രേഷനുകൾക്ക് ശേഷം എക്സൈസ് വകുപ്പിന്റെ അനുമതി വേണം. ഫിനാൻസ് ബില്ലിലെ ക്ലോസുകൾ നിലവിൽ വരണമെങ്കിൽ മദ്യനയവും പിന്നാലെ നോട്ടിഫിക്കേഷനും വരണമെന്നും മന്ത്രി ലിജു വ്യക്തമാക്കി. മദ്യനയത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് മന്ത്രി വ്യക്തമാക്കി. വി.എം സുധീരന് തന്റെ ആശങ്കകൾ പങ്കുവെക്കാൻ അവകാശമുണ്ട്. ഞങ്ങളുടെ പാർട്ടിയിൽ ആർക്കും അഭിപ്രായം പറയാം. സിപിഐഎമ്മിനെപ്പോലെ പിണറായി വിജയൻ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല എന്ന് കരുതുന്നവരല്ല കോൺഗ്രസുകാർ. ഞങ്ങളുടെ പാർട്ടിയിൽ ഏകഛത്രാധിപതികളില്ലെന്നും ‘Yes Boss’ കൾച്ചറില്ലെന്നും മന്ത്രി എം ലിജു തുറന്നടിച്ചു.

കേരള ബാങ്കിന്റെ ഭാവി കാര്യങ്ങൾ വളരെ അവധാനതയോടെ, പ്രത്യാഘാതങ്ങൾ നോക്കി മാത്രമേ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് സഹകരണ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. 1,29,000 കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഒരു അപെക്സ് ബോഡിയാണിത്. അതുകൊണ്ട് തന്നെ കേക്ക് മുറിക്കുന്നത് പോലെ എളുപ്പത്തിൽ തീരുമാനമെടുക്കാൻ കഴിയില്ല. സഹകരണ ബാങ്കുകളുടെ മൂന്ന് തട്ടുകളായുള്ള ഘടനയെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ച മുൻ സർക്കാർ തീരുമാനം തെറ്റായിരുന്നുവെന്ന് അന്ന് തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. എങ്കിലും, നിലവിൽ വലിയൊരു സാമ്പത്തിക ഘടന ഇതിന് പിന്നിലുള്ളതിനാൽ എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിച്ചും സാമ്പത്തിക വശങ്ങൾ നോക്കിയും മാത്രമേ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ എന്നും മന്ത്രി എം ലിജു വ്യക്തമാക്കി.

Related Articles

Back to top button