സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണു; കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം

കോതമംഗലത്ത് സ്വകാര്യബസിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസ സമൂഹാംഗമായ സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വാഴക്കുളം–കോതമംഗലം റൂട്ടിൽ ഓടുന്ന റെജിമോൻ ബസ് കോഴിപ്പിള്ളി ഗവ. എൽ.പി. സ്കൂളിന് സമീപം വളവ് തിരിയുന്നതിനിടെയാണ് അപകടം. ബസിൽ തിരക്കേറിയതിനാൽ മുൻവാതിലിനരികെ നിന്നിരുന്ന സിസ്റ്റർ, ഹൈഡ്രോളിക് വാതിൽ അടയ്ക്കാതിരുന്നതിനാൽ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തെറിച്ചുവീഴുകയും തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടത്തെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാനിർദേശങ്ങൾ ലംഘിച്ച് വാതിൽ തുറന്ന നിലയിൽ സർവീസ് നടത്തിയ സാഹചര്യത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശുപാർശ നൽകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.

കോതമംഗലം സെന്റ് വിൻസന്റ് പ്രോവിൻസിലെ അംഗമായിരുന്നു സിസ്റ്റർ ഹെയ്സ്‌ലെറ്റ്. കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ വിവിധ മഠങ്ങളിൽ പ്രൊവിൻഷ്യൽ കൗൺസിലറായും മദർ സുപ്പീരിയറായും പ്രവർത്തിച്ചിരുന്നു.

മുരിക്കാശേരി പുത്തേട്ട് ഇഗ്നേഷ്യസിന്റെയും പരേതയായ അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: സിസ്റ്റർ സ്മിത, ലിസി, ജോസ്, ജോർജ്, ബിനോയ്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോഴിപ്പിള്ളി എസ്ഡി പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.

Related Articles

Back to top button