മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു…തൊഴിലാളികൾ….

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾ മുഴുവൻ കടലിൽ വീണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. കടലിൽ വീണ മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കുകളില്ല. എങ്കിലും പ്രാഥമിക ചികിത്സകൾക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽപ്പെട്ട് പുലിമുട്ടിലെ കല്ലുകൾക്കിടയിൽ കയറിക്കിടക്കുന്ന വള്ളം തിരികെ കരയ്ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പ്രദേശവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് തുടരുകയാണ്.



