‘അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്…..കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്….

കൊച്ചി: അന്‍സിബയുടെ പരാതിയില്‍ നടന് ടിനി ടോമിനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത്. അന്‍സിബ ഉന്നയിക്കുന്ന പരാതികളില്‍ പ്രഥമ ദൃഷ്ട്യ കഴമ്പുണ്ടെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.
ടിനി ടോം ഉപയോഗിച്ച ജിഹാദി അടക്കമുള്ള വാക്കുകള്‍ തമാശ രൂപേണയാണെന്നും ക്രിമിനല്‍ ഉദ്ദേശമില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്രിമിനല്‍ ഉദ്ദേശമുണ്ടോ എന്ന കാര്യം തെളിയുക വിശദമായ അന്വേഷണത്തിലാണെന്നാണ് കോടതി വിലയിരുത്തിയത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. നീന കുറുപ്പ് നല്കിയ മൊഴി നിര്‍ണായകമാണ്.
അന്‍സിബയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 173 (5) പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ഇന്ന് കേസെടുക്കുമെന്നാണ് വിവരം. അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുക്കണമെന്ന് ചൊവ്വാഴ്ചയായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.



